വടകര:(vatakara.truevisionnews.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ അവസാനിപ്പിക്കാൻ, ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനായി ദേശീയപാത ജനകീയ പ്രക്ഷോഭ സമിതിക്ക് രൂപം നൽകി. ദുരിതപൂർണമായ ദേശീയപാതയുടെ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയയ്ക്കാൻ തീരുമാനിച്ചു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 27-ന് രാവിലെ 9 മണിക്ക് വടകര ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ വെച്ച് നടക്കും..
ദേശീയ പാത നിർമാണ പ്രവൃത്തി സമയബന്ധിതമായി പുർത്തിയാക്കുക, സർവീസ് റോഡ് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സപ്തബർ 10 ന് കോഴിക്കോട് ദേശീയ പാത അതോറിറ്റിക്ക് മുന്നിൽ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട് . പ്രശ്‌നത്തിന്റെ ഗൗരവം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഡോ.പി.ടി.ഉഷ എംപി എന്നിവരെ ധരിപ്പിക്കുകയും ചെയ്യും. ജനപ്രതിനിധികളും വിവിധ സംഘടനകളും ദേശീയ പാത ദുരിതത്തെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ടനടപടികൾ എടുത്തിലയെന്ന വിമർശനം യോഗത്തിൽ ഉയർന്നു.
മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം 14ന് ടൗൺഹാളിൽ ജനകീയ കൺ വെൻഷൻ ചേർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് സമിതിക്കു രൂപം നൽകിയത്. സമര സമിതിയിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, യുവജന, തൊഴിലാളി സംഘടനകൾ, ബസ് ഉടമ സംഘം ഭാരവാഹികൾ, സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്.
പ്രക്ഷോഭ സമിതി ചെയർമാൻ എം.അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. കോ-ഓഡിനേറ്റർ മണലിൽ മോഹനൻ, സതീശൻ കുരിയാടി, ഗണേഷ് അറക്കിലാട്, വി.കെ.അസീസ്, സി.കുമാരൻ, പ്രദീപ് ചോമ്പാല, ആർ.കെ.സുരേഷ് ബാബു, പി.പി.രാജൻ, പി.സജീവ് കുമാർ, വരപ്രത്ത് രാമചന്ദ്രൻ, രഞ്ജിത്ത് കണ്ണോത്ത്, ഹരീഷ് ജയരാജ്, എം.പി.മജീഷ്, അമൽ അശോക്, പി.മനോജ്, മുഹമ്മദ് എവറസ്റ്റ്, ടി.കെ.രതീശൻ, വി.കെ.മുഹമ്മദലി എന്നിവർ സംസാരിച്ചു.
Vadakara National Highways People's Agitation Committee to send one lakh letters to the Prime Minister