വടകര: അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ദേശീയപാതപരിഷ്‌കരണം ഒച്ചിഴയുന്ന പോലെ ഇഴയാൻ തുടങ്ങിയിട്ട് മൂന്നുവർഷം. ഇത്ര നാളായിട്ടും നിർമാണ പ്രവൃത്തിയിൽ പുരോഗതി ഇല്ലാത്തതിൽ പ്രതിഷേധം ഉയരുകയാണ്. ഇതിനെതിരെ നാളെ വടകരയിൽ പവാസം സമരം നടത്തുമെന്ന് സിറ്റിസൺ കൗൺസിൽ രൂപം നൽകിയ സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുതിയ സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ഉപവാസം നാളെ രാവിലെ പത്ത് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു മുഖ്യാതിഥിയായി പങ്കടുക്കും. വൈകുന്നേരം അഞ്ചിന് ഇ.കെ.വിജയൻ എംഎൽഎ നാരങ്ങ നീര് നൽകികൊണ്ട് സമരം അവസാനിപ്പിക്കും.




വർഷങ്ങൾ പിന്നിട്ടിട്ടും കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒരു പുരോഗമനവുമില്ലാതെ തന്നെ കിടക്കുന്നു. ഇതുകാരണം ബസുകൾക്കും മറ്റു വാഹനങ്ങൾക്കും സർവീസ് നടത്താൻ പറ്റാത്ത അവസ്ഥ. ദേശീയപാതയിലെ കുരുക്കുകാരണം വടകര ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ ജനങ്ങൾ എത്തുന്നില്ല. ഇക്കാരണത്താൽ നിരവധി കച്ചവട സ്ഥാപനങ്ങളാണ് പുട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വടകര സീറ്റിസൺ കൗൺസിൽ സന്നദ്ധസംഘടനകളുടെയും വ്യാപാരി സംഘടനകളുടെയും ബസ്സുടമാ സംഘടനയുടെയും മോട്ടോർ തൊഴിലാളി യൂണിയനുകളുടെയും ഭാരവാഹികളുടെ യോഗം വിളിച്ചു സമരം തീരുമാനിച്ചത്.
നാളെ നടക്കുന്ന ഉപവാസ സമരത്തിനു മുന്നോടിയായി രാവിലെ 9 മണിക്ക് ടൗൺഹാൾ പരിസരത്തുനിന്നു പ്രതിഷേധജാഥ പുറപ്പെടുമെന്ന് സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഇ. നാരായണൻ നായർ, ജനറൽ കൺവീനർ കെ.എൻ.വിനോദ്, വിനോദ് ചെറിയത്ത്, വി.പി.രമേശൻ, എ.പി.ഹരിദാസൻ, എം.പ്രകാശ് എന്നിവർ പങ്കെടുത്തു
Fasting strike in Vadakara tomorrow against the slow pace of national highway reform work