തിരുവള്ളൂർ: തിരുവള്ളൂർ പഞ്ചായത്തിലെ കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് യുഡിഎഫുകാർ നടത്തുന്ന പ്രചരണം അബദ്ധജഡിലവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ നിന്നും ഉടലെടുത്തതുമാണെന്ന് എൽഡിഎഫ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. എൽഡിഎഫിന്റെ ഒരു പഞ്ചായത്ത് അംഗത്തിന്റെ പേരിൽ ഇരട്ട വോട്ട് ഉണ്ടെന്ന വാർത്ത നൽകി വനിത ജനപ്രതിനിധിയെ അപമാനിക്കാനാണ് ശ്രമം.
എന്നാൽ കരട് പട്ടിക ഇറങ്ങിയ സമയത്ത് ഈ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ വനിത ജനപ്രതിനിധി തന്റെ ലെറ്റർ പാഡിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി സമർപ്പിച്ചിരുന്നു. കരട് വോട്ടർ പട്ടികയിൽ തന്റെ പേരിൽ ഇരട്ട വോട്ട് കടന്നു കൂടിയിട്ടുണ്ടെന്നും അത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയത്. ഇറങ്ങിയത് കരട് വോട്ടർ പട്ടിക ആയതുകൊണ്ട് തന്നെ ഇതുപോലെ ഇരട്ട വോട്ടുള്ള നിരവധി ആളുകൾ വിവിധ വാർഡുകളിലെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.




ഇക്കൂട്ടത്തിൽ യുഡിഎഫ് ന്റെ സജീവ പ്രവർത്തകരും ഉണ്ട് എന്ന് കാണാൻ കഴിയും. അതൊക്കെ ബോധപൂർവ്വമായ ഇടപെടലിന്റെ ഭാഗമായി വന്നതാണെന്ന് യുഡിഎഫ് നേതൃത്വം പറയുമോ? ഇറങ്ങിയത് കരട് വോട്ടർ പട്ടികയാണെന്നും അതിൽ സ്വാഭാവികമായും എല്ലാ കാലത്തും ഉണ്ടാകുന്ന ചെറിയ പിശകുകൾ മാത്രമേ തിരുവള്ളൂർ പഞ്ചായത്ത് കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടും വന്നിട്ടുള്ളൂ എന്നും ആർക്കും ബോധ്യപ്പെടുന്ന കാര്യമല്ലേ? കരട് വോട്ടർ പട്ടികയിൽ കടന്നുകൂടിയ ഇരട്ട വോട്ട്, മരിച്ചവരുടെ വോട്ട് ഉൾപ്പെടെയുള്ള പട്ടിക ശുദ്ധീകരണ പ്രക്രിയയാണ് അന്തിമ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും നടക്കുന്നത്.
ഇതൊന്നും അറിയാത്തവരാണോ തിരുവള്ളൂരിലെ യുഡിഎഫ് നേതൃത്വം? ഡി ലിമിറ്റേഷൻ കമ്മീഷൻ തീരുമാനവും വാർഡ് വിഭജനവും ഒന്നും തങ്ങൾക്ക് ബാധകമല്ല എന്നുള്ള തരത്തിലാണ് വോട്ട് ചേർക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ട് തിരുവള്ളൂരിലെ യുഡിഎഫ് കാർ പെരുമാറുന്നത്.
പ്രത്യേകിച്ച് ഏഴ്, എട്ട് വാർഡുകളിൽ പുതിയ വാർഡ് വിഭജനപ്രകാരമുള്ള അതിർത്തികൾ കണക്കാക്കാതെ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ തങ്ങൾക്ക് തോന്നിയത് പോലെ തങ്ങൾക്കിഷ്ടപ്പെട്ട വാർഡുകളിൽ വോട്ട് കൂട്ടിച്ചേർക്കാനും സ്ഥാനമാറ്റത്തിനും അപേക്ഷകൾ കൂട്ടത്തോടെ നൽകി പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അവതാളത്തിൽ ആക്കാൻ യുഡിഎഫ് കാർ പരിശ്രമിക്കുന്നത് വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടാകാൻ പോകുന്ന പരാജയത്തിന്റെ ആഴം കുറക്കാൻ വേണ്ടി മാത്രമാണെന്ന് എൽഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടി.
വനിത ജനപ്രതിനിധിയെ അപമാനിക്കുന്ന തരത്തിൽ വാർത്ത നൽകിയ യുഡിഎഫുകാരുടെ സമീപനം അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് എൽഡിഎഫ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
LDF says UDF's campaign in Thiruvallur stems from fear of defeat