തിരുവള്ളൂർ: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ 150 റോഡുകളുടെ പ്രഖ്യാപനം നടപടിക്രമം പാലിക്കാതെയും പൊള്ളയായതുമാണെന്ന് എൽഡിഎഫ് മെമ്പർമാർ അറിയിച്ചു. സാധാരണഗതിയിൽ ഇത്തരം ഉദ്ഘാടനം നടക്കുന്നതിനു മുമ്പേ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഫണ്ട് അനുവദിച്ച റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതിനു ശേഷം എഎക്‌സ്ഇ തല ഉദ്യോഗസ്ഥ പരിശോധനക്ക് അയച്ച് ടിഎസ് വാങ്ങി തുടർന്ന് ടെൻഡർ നടപടികളിലേക്ക് കടക്കണം.
എന്നാൽ എസ്റ്റിമേറ്റ് പോലും പൂർണമായും തയ്യാറാക്കാതെയുള്ള പ്രഖ്യാപനവും ഉദ്ഘാടനവുമാണ് തിരുവള്ളൂർ പഞ്ചായത്ത് നേതൃത്വത്തിൽ നടത്തിയതെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി. ഇത് വെറും പൊള്ളയാണ്. വിവിധ വാർഡുകളിലെ ഗ്രാമീണ റോഡുകളിൽ ഏറെയും തകർന്നു തരിപ്പണമായി കിടന്നിട്ട് മാസങ്ങൾ കഴിഞ്ഞു. ഇത്തരം റോഡുകളിൽ പലതും പുതിയ വാർഷിക പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലെന്നത് ഗൗരവതരമായ പ്രശ്‌നമാണ്. ഈ സാഹചര്യത്തിൽ റോഡുകളുടെ പ്രഖ്യാപന ഉദ്ഘാടന ചടങ്ങിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടു നിന്നു.
വിട്ടുനിന്ന എൽഡിഎഫ് മെമ്പർമാർ ടൗണിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു. ഗോപിനാരായണൻ ഉദ്ഘാടനം ചെയ്തു. പി പി രാജൻ അധ്യക്ഷനായി. ടി വി സഫീറ, പ്രസിന അരുകുറങ്ങോട്ട്, രമ്യ പുലക്കുന്നുമ്മൽ, ഗീത പനയുള്ളതിൽ, കെ വി ഗോപാലൻ, സി വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഹംസ വായേരി സ്വാഗതം പറഞ്ഞു.
LDF members say the announcement of 150 roads in Thiruvallur is empty