വടകര: (vatakara.truevisionnews.com) വടകരയുടെ തീരപ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങൾക്ക് തപാൽ സേവനം നൽകിക്കൊണ്ടിരിക്കുന്ന ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടാൻ ഉത്തരവിറങ്ങി. ഈ മാസം മുപ്പതോടെ ബീച്ച് പോസ്റ്റ് ഓഫീസ് വടകര ഹെഡ്‌പോസ്റ്റ് ഓഫീസിൽ ലയിപ്പിക്കുമെന്നാണ് പോസ്റ്റൽ അധികൃതരുടെ ഉത്തരവിൽ പറയുന്നത്.
ഈ നടപടി ഈ പ്രദേശത്തെ പൊതുജനങ്ങളുടെ ജീവിതത്തെയും ജീവനക്കാരേയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മത്സ്യത്തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, ദിവസവേതന തൊഴിലാളികൾ, സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ടവർ, ചെറുകിട വ്യവസായികൾ തുടങ്ങിയ നിരവധി വിഭാഗങ്ങൾക്കുള്ള ജീവിതോപാധിയുടെ കേന്ദ്രമാണ് തപാൽ ഓഫീസ്.




ബാങ്കിംഗ്, ഇൻഷുറൻസ്, മണി ഓർഡർ തുടങ്ങിയ പദ്ധതികൾ തപാൽ ഓഫീസ് വഴി നടപ്പിലാക്കി വരുന്നുണ്ട്. ഓഫീസ് അടച്ചുപൂട്ടുന്നത് ഇത്തരം പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഈ പ്രദേശത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും നഗരാരോഗ്യ ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.
വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് തുടങ്ങിയ സേവനങ്ങൾ തപാൽ ഓഫീസ് ബാങ്കിംഗ് വഴിയാണ് സാധാരണയായി നടക്കുന്നത്. ഓഫീസ് ഇല്ലാതാകുന്നത് ഇത്തരം സേവനങ്ങൾ താറുമാറാക്കും. മുൻപ് വടകര ബസാർ പോസ്റ്റ് ഓഫീസ് നിർത്തലാക്കി വടകര ബീച്ച് തപാൽ ഓഫീസുമായി ലയിപ്പിച്ച് ശാദി മഹൽ ബിൽഡിങ്ങിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നാണ് സാന്റ്ബാങ്ക്സ് റോഡിലേക്ക് മാറ്റിയത്. ഇതിനാണ് ഷട്ടർ വീഴുന്നത്. വടകര ആർഎംഎസ് ഓഫീസ് അടച്ചുപൂട്ടിയതിനു പിന്നാലെയാണ് ബീച്ച് ഓഫീസിനും മരണമണി മുഴങ്ങുന്നത്. ബീച്ച് ഓഫീസ് അടച്ചു പൂട്ടാനുള്ള തപാൽ വകുപ്പ് അധികാരികളുടെ നീക്കം വടകരയുടെ തീരപ്രദേശത്തെ പൂർണമായും തപാൽ സൗകര്യങ്ങളിൽ നിന്ന് അകറ്റും.
ബീച്ച് തപാൽ ഓഫീസ് ഇല്ലാതായാൽ ഇവിടത്തെ സാധാരണക്കാർക്ക് വടകര ഹെഡ് പോസ്റ്റ് ഓഫീസിനെയോ ചോറോട് പോസ്റ്റ് ഓഫീസിനെയോ ആശ്രയിക്കേണ്ടിവരും. ഇവ ദൂരെയായതിനാൽ പൊതുജനങ്ങൾക്ക് വലിയ പ്രയാസം വരും. മത്സ്യതൊഴിലാളികൾക്കും മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കും രോഗികൾക്കും യാത്ര പ്രയാസം സൃഷ്ടിക്കും.
പോസ്റ്റ്‌മാൻ ഡ്യൂട്ടിയിലുള്ളവർ പുതിയ ഓഫീസുകളിൽ നിന്ന് കൂടുതൽ ദൂരം നടന്ന് മെയിൽ വിതരണം നടത്തേണ്ടിവരും. ഇതോടെ മെയിൽ ഡെലിവറിയും ജനങ്ങൾക്കുള്ള സേവനവും വൈകും. ആർഡി ഏജന്റുമാർ മറ്റോഫീസുകളിൽ ചേർക്കപ്പെടുന്നതോടെ അവിടങ്ങളിലെ കൗണ്ടർ ജീവനക്കാരുടെ ജോലി ഭാരം ഉയരും.
Order issued to close Vadakara Beach Post Office