വടകര: സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി തപാൽ ഓഫീസുകൾ അടച്ചുപൂട്ടുന്നതിനെതിരെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ സമരങ്ങൾ പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രക്ഷോഭമായി വളരുമെന്ന് കെപിസിസി സെക്രട്ടറി വി എം ചന്ദ്രൻ. വടകര തപാൽ സൂപ്രണ്ട് ഓഫീസിന് മുന്നിൽ നടന്ന ജീവനക്കാരുടെ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാജ്യത്തെ ഏറ്റവും വലിയ സേവന സംവിധാനമായ തപാൽ വകുപ്പിനെ തലതിരിഞ്ഞ പരിഷ്കാരങ്ങളിലൂടെ നശിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. ലാഭനഷ്ടങ്ങളുടെ കണക്കുകൾ മാത്രം നോക്കി പൊതുജന സേവന സംവിധാനങ്ങളുടെ നിലനിൽപ്പ് തീരുമാനിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.




വടകരയിലെ ആർഎംഎസ് ഓഫീസ് അടച്ചു പൂട്ടിയതിന് പിന്നാലെ തീരദേശ വാസികളായ പതിനായിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന ബീച്ച് പോസ്റ്റ് ഓഫീസ് കൂടി പൂട്ടാനുള്ള തയ്യാറെടുപ്പിലാണ് തപാൽ അധികൃതർ. നിരവധി ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നു. ഘട്ടം ഘട്ടമായി തപാൽ വകുപ്പിനെ പൂർണമായും സ്വകാര്യവൽക്കരിക്കാൻ ഉള്ള കേന്ദ്രസർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ നടപടികൾ എന്ന് വി എം ചന്ദ്രൻ പറഞ്ഞു.
എഫ് എൻ പി ഒ വടകര ഡിവിഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധർണയിൽ ശ്രീ പി സുകുമാരൻ അധ്യക്ഷനായി. സുബിൻ വത്സലൻ, കെ രാജൻ, ദീപ എസ് ഡി, പ്രബീഷ്, അശ്വതി, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഓഫീസുകൾ അടച്ചു പൂട്ടരുത് എന്ന് ആവശ്യപ്പെട്ട് യൂണിയൻ ഭാരവാഹികൾ തപാൽ സൂപ്രണ്ടിന് നിവേദനം നൽകി.
Employees protest in front of Takara Postal Superintendent's Office