ചോറോട്: (vatakara.truevisionnews.com) ചോറോട് പഞ്ചായത്തിലെ ആയുർവേദ ആശുപത്രിയിലെ വിശിഷ്ട സേവനത്തിനു ശേഷം പടിയിറങ്ങുന്ന മെഡിക്കൽ ഓഫീസർ ഡോ. മോഹൻദാസിന് ഇന്ന് യാത്രയയപ്പ് നൽകും. നാദാപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ച ഡോക്ടർക്ക് നാട്ടുകാർ ഘോഷയാത്രയോടെയാണ് യാത്രയയപ്പ് ഒരുക്കുന്നത്. ഇന്ന് വൈകുന്നേരം 3.30ന് മലോൽ മുക്ക് ടൗണിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ സർക്കാർ ഫണ്ടിനായി കാത്തുനിൽക്കാതെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഡോ. മോഹൻദാസ് വലിയ പങ്കുവഹിച്ചിരുന്നു.




സമൂഹത്തിലെ നല്ലവരായ ആളുകളുടെ സഹകരണത്തോടെ രോഗികൾക്ക് ആവശ്യമായ ഇരിപ്പിടങ്ങൾ, വിശ്രമ സൗകര്യങ്ങൾ, ആകർഷകമായ നെയിം ബോർഡ്, ഇൻവെർട്ടർ എന്നിവയെല്ലാം ഒരുക്കി. രോഗികൾക്ക് മികച്ച ചികിത്സയും മരുന്നുകളും ഉറപ്പാക്കുന്നതിൽ ഡോക്ടറുടെ സേവനം നിർണായകമായിരുന്നു. തിരക്കിനിടയിലും പാലിയേറ്റീവ് ഹോം കെയറിനും സമയം കണ്ടെത്തിയിരുന്നു. ഡോക്ടറുടെ സൗഹൃദപരമായ പെരുമാറ്റവും മികച്ച ചികിത്സയും അദ്ദേഹത്തെ നാട്ടുകാർക്ക് പ്രിയങ്കരനാക്കി.
യാത്രയയപ്പ് പരിപാടി വിജയിപ്പിക്കാൻ ജനകീയ കമ്മിറ്റി രൂപീകരിച്ചു. ചെയർപെഴ്സനായി മഠത്തിൽ പുഷ്പ, കൺവിനറായി രാജേഷ് ചോറോട്, ഖജാൻജിയായി കെ.എം. വാസു എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Medical Officer Dr. Mohandas of Ayurveda Hospital in Chorode Panchayat bids farewell today