വടകര : ( vatakaranews.in ) വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച കടമേരി സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചു . കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയിൽ കോഴിക്കോട് നിന്നും കസ്റ്റഡിയിൽ എടുത്ത പ്രതിയെ രാത്രിയോടെ തന്നെ വടകര പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു. പിന്നാലെ നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. താൻ ആണ് വാഹനം ഓടിച്ചതെന്നും , അപകടം നടന്നത് അറിഞ്ഞിട്ടും നിർത്താതെ പോവുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു.




വള്ളിക്കാട് വെച്ചായിരുന്നു കാല്‍നടയാത്രക്കാരനായ അമൽ കൃഷ്ണയുടെ ജീവനെടുത്ത അപകടം നടന്നത്. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാളോട് വടകര പൊലീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയായിരുന്നു വള്ളിക്കാട് പൊലീസ് എയിഡ് പോസ്റ്റിന് സമീപത്തുവെച്ച് അമല്‍ കൃഷ്ണയെന്നയാളെ ഇന്നോവ കാര്‍ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമല്‍ കൃഷ്ണ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു.
ഏറാമലയിലെ ഭാര്യ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഉള്ളിയേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ ആണ്. ഉടമയോടും പൊലീസ് ഹാജരാവാൻ പറഞ്ഞേകിലും ഇയാളും ഇതുവരെ സ്റ്റേഷനിൽ എത്തിയിട്ടില്ല. 500ലധികം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമല്‍കൃഷ്ണയെ ഇടിച്ച് നിര്‍ത്താതെപോയ ഇന്നോവ കാര്‍ പൊലീസ് തിരിച്ചറിഞ്ഞത്.
Youth dies after being hit by car in Vallikkadu; Kadameri native arrested for driving