വടകര: ( vatakara.truevisionnews.com) സംസ്ഥാനപാതയിൽ വള്ളിക്കാട് യുവാവിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ചത് കടമേരി സ്വദേശി. യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കെഎൽ 77 സി.8089 നമ്പർ ഇന്നോവ കാർ ഇന്നലെ ഏറാമലയിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ഈ മാസം 7 ന് രാത്രി പതിനൊന്ന് മണിയോടെയാണ് വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അമല്‍ കൃഷ്ണയെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. തലയ്ക്ക് ഗുരുതമായി പുരുക്കേറ്റ 27 കാരന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 13നാണ് മരിച്ചത്. ഇടിച്ച കാറിനായി ഊർജിതമായ അന്വേഷണമാണ് നടന്നത്. അപകടമുണ്ടാക്കിയ സമയത്ത് ഇതുവഴി കടന്നുപോയ കാറുകളെ നിരീക്ഷിച്ചു. ഇതിനായ് നൂറ് കണക്കിന് സി.സി.ടി.വി ദൃശ്യങ്ങളാണ് വടകര പോലീസ് പരിശോധിച്ചത്.




കണ്ണൂര്‍ ജില്ലയിലടക്കം പരിശോധന നടത്തിയിരുന്നു. ഏറാമലയില്‍ നിന്നാണ് ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തത്. ഉള്ള്യേരി സ്വദേശിയാണ് ആർസി ഓണറെങ്കിലും കടമേരി സ്വദേശിയാണ് വാഹനം ഓടിച്ചതെന്ന് പോലീസ് അറിയിച്ചു. കടമേരി സ്വദേശിയുടെ ഏറാമലയിലെ ഭാര്യ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. ആർസി ഉടമയെയും കാർ ഓടിച്ച കടമേരി സ്വദേശിയേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അപകടസമയത്തെ ഫോൺ ലൊക്കേഷൻ വിവരങ്ങൾ ഉൾപെടെ പോലീസ് ശേഖരിച്ചു. ഓർക്കാട്ടേരി, വില്യാപ്പള്ളി, നാദാപുരം, വടകര, തലേശരി എന്നിവിടങ്ങളിൽ നിന്നുള്ള സിസിടവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.
പെരിങ്ങത്തൂരിലെ പരിശോധനയിലാണ് കാറിനെ കുറിച്ച് സൂചന ലഭിച്ചതും പോലീസ് കസ്റ്റഡിയിലെടുത്തതും. റൂറൽ എസ്പി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിലെ എഎസ്‌ഐമാരായ വി.പി.ഷാജി, വി.സി.വിനീഷ്, സിപിഒമാരായ അഖിലേഷ്, ഷോബിത്ത്, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, സിഐ മുരളീധരൻ, എസ്ഐ രഞ്ജിത്ത്, എസ്‌സിപിഒ ഷിജേഷ് എന്നിവരാണ് കേസ് തെളിയിച്ചത്.
native of Kadameri was driving the car that killed a young man from Vallikkadu on the state highway