Aug 18, 2025 01:27 PM

വടകര: ( vatakara.truevisionnews.com)  ഓർക്കാട്ടേരിയിൽ മുസ്ലിം പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസികൾക്ക് മുമ്പിൽ മുസ്ലിം ലീഗിന് വേണ്ടി മതപണ്ഡിതൻ്റെ രാഷ്ട്രീയ പ്രസംഗം. ലീഗിന് വേണ്ടി പ്രസംഗിച്ച മതപണ്ഡിതനെതിരെ പ്രതിഷേധം.വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ വിമർശനവും പ്രതിഷേധവും ശക്തമാകുന്നു.

മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ബന്ധത്തെ ‘ബിരിയാണി ചെമ്പ് വെച്ച അടുപ്പിൻകല്ല്’ പോലെയാണെന്ന് ഉപമിച്ചുള്ള ഇ.കെ. വിഭാഗം സുന്നി പണ്ഡിതൻ ആബിദ് ഹുദവി തച്ചണ്ണയുടെ പ്രസംഗമാണ് വിവാദത്തിലായത്. ഈ പ്രസംഗത്തിനെതിരെ ഒരു വിഭാഗം വിശ്വാസികൾ തന്നെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വടകര ഓർക്കാട്ടേരി പള്ളിയിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിലാണ് ആബിദ് ഹുദവി ഈ പരാമർശം നടത്തിയത്.

സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒരുമിച്ച് നിൽക്കുന്നതാണ് സമുദായത്തിൻ്റെ ശക്തിയെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ഈ ബന്ധം തകർക്കാൻ ശ്രമിക്കുന്നവർക്ക് കൂട്ടുനിൽക്കരുതെന്നും പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിൽ വിയോജിപ്പുള്ള വിശ്വാസികൾ പ്രസംഗം വീഡിയോയിൽ പകർത്തി പുറത്ത് വിടുകയായിരുന്നു.

ഇതിനെതിരെ എ.പി. വിഭാഗം സമസ്ത നേതാവ് വഹാബ് സഖാഫി മമ്പാട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

‘ഇസ്ലാമിക ചരിത്രത്തിലോ സമസ്തയുടെ ചരിത്രത്തിലോ ഇങ്ങനെയൊരു അടുപ്പിൻകല്ല് തിയറിയുണ്ടോ?’ എന്ന് അദ്ദേഹം ചോദിച്ചു. സമസ്തയുടെ രൂപീകരണ കാലത്ത് മുസ്ലിം ലീഗ് എന്ന അടുപ്പിൻകല്ല് രൂപം കൊണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാധനയ്ക്കായി ഉപയോഗിക്കുന്ന പള്ളികൾ രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

ആരാധനകള്‍ക്കായി ഉപയോഗിക്കേണ്ട പരിപാവനമായ പള്ളികള്‍ രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നത് ക്ഷേത്രങ്ങള്‍ രാഷ്ട്രീയ ലക്ഷത്തിന് വേണ്ടി ഉപയോഗിക്കുന്ന സംഘപരിവാറിന് സമാനമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍എസ്എസുകാര്‍ അവരുടെ ലാഭത്തിന് ക്ഷേത്രം ഉപയോഗിക്കുമ്പോള്‍ അത് എതിര്‍ക്കാന്‍ നല്ലവരായ ഹിന്ദു സഹോദരന്‍മാര്‍ മുന്നിട്ടിറങ്ങുന്നുണ്ടെന്നും മുസ്ലീം ലീഗിന്റെ ലാഭത്തിന് വേണ്ടി പള്ളികള്‍ ഉപയോഗിക്കുമ്പോള്‍ അത് ശരിയാണോ തെറ്റാണോ എന്ന് മുസ്ലിം സഹോദരങ്ങള്‍ മനസിലാക്കിയാല്‍ നല്ലതാണെന്നും വിമര്‍ശകരിലൊരാള്‍ ചൂണ്ടിക്കാട്ടുന്നു.

പള്ളി മിമ്പറുകള്‍ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്നും വെള്ളിയാഴ്ചകള്‍ ഖുതുബ പറയാനാണ് ഉപയോഗിക്കേണ്ടതെന്നും വിമര്‍ശകര്‍ പറയുന്നു. ഹുദവികള്‍ ജോലി ചെയ്യുന്ന പള്ളികളില്‍ ഇത്തരം രാഷ്ട്രീയ പ്രചരണം നടത്തുന്നത് വ്യാപകമായിരിക്കുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങള്‍ പള്ളികളില്‍ രാഷ്ട്രീയം പറഞ്ഞാല്‍ ഞങ്ങള്‍ ദാറുല്‍ ഹുദയിലേയ്ക്ക് രാഷ്ട്രീയമായി തന്നെ മാര്‍ച്ച് നടത്തുമെന്നും ചിലര്‍ പറയുന്നു. ദാറുല്‍ ഹുദയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്ന ബിരുദമാണ് ഹുദവി. അതേസമയം ജുമുഅ ഖുതുബയുടെ ഭാഗമായല്ല, ജുമുഅക്ക് മുമ്പുള്ള തറ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞതെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് പ്രസംഗത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

Political speech at Orkattery church; Protest against religious scholar who spoke for the League

Next TV

Top Stories










News Roundup






Entertainment News





//Truevisionall