Aug 17, 2025 11:18 AM

വടകര: (vatakara.truevisionnews.com) ഏറാമല പഞ്ചായത്തിലെ നെൽകൃഷിയുടെ നട്ടെല്ലായിരുന്ന, നിലവിൽ കാടുകയറി വന്യജീവികളുടെ താവളമായി മാറിയ 200 ഏക്കറോളം വരുന്ന കൈപ്പാട് ഭൂമി ഇനി കൃഷിയിടമായി മാറും. മാഹി കനാലിന്റെ ഇരുവശങ്ങളിലുമായി കിടക്കുന്ന ഈ തരിശുഭൂമിയിൽ കാട് വെട്ടിത്തെളിച്ച് കൃഷി ആരംഭിക്കാൻ ഏറാമല പഞ്ചായത്ത് ഭരണസമിതി ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യപടിയായി, കർഷകർ ഒത്തുചേർന്ന് ചിങ്ങം ഒന്നാം തീയതി നെൽവിത്ത് വിതച്ച് പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.മിനിക, വൈസ് പ്രസിഡന്റ് ശുഐബ് കുന്നത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

​ഒരുകാലത്ത് ഈ പ്രദേശം സമൃദ്ധമായി നെല്ല് വിളഞ്ഞിരുന്ന ഇടമായിരുന്നു. എന്നാൽ, മാഹി കനാൽ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം കൃഷി നിലച്ചുപോവുകയായിരുന്നു. ഇപ്പോൾ ഈ ഫലഭൂയിഷ്ഠമായ മണ്ണിൽ നെല്ല്, പച്ചക്കറി, മരച്ചീനി, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയെല്ലാം കൃഷി ചെയ്യാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. നിലവിൽ, തരിശു നെൽകൃഷി, ജൈവ പച്ചക്കറി കൃഷി, സമഗ്ര തെങ്ങു കൃഷി വികസനം തുടങ്ങി നിരവധി കാർഷിക പദ്ധതികൾ പഞ്ചായത്ത് വിജയകരമായി നടപ്പാക്കി വരുന്നുണ്ട്.

കൈപ്പാട് ഭൂമിയിൽ കൃഷിയിറക്കുന്നതിന് എല്ലാവിധ സഹായവും നൽകുമെന്ന് പ്രമുഖ കർഷകനായ കണ്ണമ്പ്രത്ത് പത്മനാഭൻ അറിയിച്ചു. ജൈവസമ്പുഷ്ടമായ ഈ മണ്ണിൽ വളപ്രയോഗത്തിന്റെ ആവശ്യമില്ലെന്നും, സമ്മിശ്ര കൃഷിരീതിയായിരിക്കും ഇവിടെ നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ കൃഷി ഓഫീസർ പി.സൗമ്യ, എൻ.പി.പ്രസീത, രമ്യ കണ്ടിയിൽ എന്നിവരും പങ്കെടുത്തു.

The land of Eramala Kaipad which has become a haven for wildlife will now yield more crops

Next TV

Top Stories










News Roundup






Entertainment News





//Truevisionall