വില്യാപ്പള്ളി:(vatakara.truevisionnews.com) കുറ്റ്യാടി മണ്ഡലത്തിലെ പ്രധാന വ്യാവസായിക-തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രമായ വടകര ഐടിഐക്ക് പുതിയ സ്വന്തം കെട്ടിടം ഒരുങ്ങി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ കെട്ടിടം ഒക്ടോബർ 17-ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
വില്യാപ്പള്ളി ടൗണിലെ കെട്ടിടത്തിൽ 2010ലാണ് വടകര ഐടിഐ പ്രവർത്തനം ആരംഭിച്ചത്. അസൗകര്യങ്ങൾ നിറഞ്ഞ തൊഴിൽ പരിശീലന ശാലകളും ക്ലാസ് മുറികളും ഏറെ പരാതികൾക്കും പരിഭവങ്ങൾക്കും ഇടവരുത്തിയിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് ഏറെക്കാലമായി വിദ്യാർഥികൾ ഉൾപ്പെടെ ഉന്നയിച്ച സ്വന്തം കെട്ടിടമെന്ന സ്വപ്നം സംസ്ഥാന സർക്കാർ യാഥാർഥ്യമാക്കിയത്.




വർക്ഷോപ്പ്, കംപ്യൂട്ടർ ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം, ക്ലാസ് റൂം, സ്റ്റോർ റൂം തുടങ്ങിയവ ഉൾപ്പെടുന്ന നൂതന രീതിയിൽ രൂപകൽപന ചെയ്ത കെട്ടിടം വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് പൂർത്തീകരിച്ചിരിക്കുന്നത്. വില്യാപ്പള്ളി പഞ്ചായത്ത് വ്യവസായ എസ്റ്റേറ്റിനായി വിലക്കെടുത്ത 1.7 ഏക്കർ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത് 2023 ഏപ്രിലിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.
ഇതിനായി സർക്കാർ 6.96 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. 2010ൽ പ്രവർത്തനമാരംഭിച്ച ഐടിഐയിൽ മൂന്നു ട്രേഡുകളാണുള്ളത്. നിലവിൽ 136 പേർ ഇവിടെനിന്ന് പരിശീലനം നേടുന്നുണ്ട്. ഇതിനൊപ്പം ശിലാസ്ഥാപനം നടത്തിയ മണിയൂർ ഐടിഐ കെട്ടിടത്തിന്റെ പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ്. രണ്ട് മാസത്തിനകം ഇതിന്റെ പ്രവൃത്തിയും പൂർത്തിയാകും
Vadakara ITI to get its own building, to be inaugurated by Minister V. Sivankutty on October 17