വടകര:(vatakara.truevisionnews.com) വടകരഗാന്ധിഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ, ഗാന്ധിജിയെ തമസ്‌കരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഭാവി തലമുറകളെ അദ്ദേഹത്തെക്കുറിച്ചും ദർശനങ്ങളെക്കുറിച്ചും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കണമെന്ന് അഭിപ്രായപ്പെട്ടു.
മുമ്പ് സ്കൂളുകളിൽ ഗാന്ധിജിയെക്കുറിച്ച് പഠിച്ചിരുന്ന സാഹചര്യം മാറിയെന്നും, ഒന്നോ രണ്ടോ തലമുറ കഴിഞ്ഞാൽ മഹാത്മാഗാന്ധിയുടെ സേവനവും ദർശനവും എന്താണെന്ന് ആളുകൾ മറന്നുപോകുന്ന അവസ്ഥ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിന് കാരണം പാഠ്യപദ്ധതിയിൽ വന്ന മാറ്റങ്ങളാണ്. നെഹ്‌റുവിനെ ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നും, ഒരു തലമുറ കഴിഞ്ഞാൽ നെഹ്‌റുവിനെ ആരും അറിയാത്ത അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.ഇ.ആർ.ടി. പാഠപുസ്തകത്തിൽ നെഹ്‌റുവിനെ 'ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി' എന്നതിന് പകരം 'സോഷ്യലിസ്റ്റ് ആശയഗതിയുള്ള ഒരു നേതാവ്' എന്ന് മാത്രമാണ് വിശേഷിപ്പിക്കുന്നതെന്നും ശ്രേയാംസ്‌കുമാർ ചൂണ്ടിക്കാട്ടി.
ഇൻസ്റ്റഗ്രാമിൽ ഗാന്ധിജിയെക്കുറിച്ച് തിരയുമ്പോൾ ആദ്യം വരുന്നത് 'ഇദ്ദേഹം മഹാത്മാവാണോ?', 'രാഷ്ട്രപിതാവ് എന്ന പദവിക്ക് അർഹനല്ല' എന്നൊക്കെയുള്ള വാദങ്ങളാണ്. ഗാന്ധിജിക്കെതിരായ ഇത്തരം പ്രചാരണങ്ങൾ വലിയൊരു വിഭാഗം ആളുകൾ ഏറ്റെടുക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും, ഇതിനെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നതാണ് പ്രധാനം.
ഇന്ന് ജനാധിപത്യം, ബഹുസ്വരത, സോഷ്യലിസം, ഭാഷകളുടെ വൈവിധ്യം എന്നിവയെല്ലാം വലിയ വെല്ലുവിളികൾ നേരിടുകയാണ്. കൂടുതൽ ഭാഷകൾ പഠിക്കുന്നത് ശക്തിയാണെങ്കിലും, അത് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. ഭരണഘടനാ സ്ഥാപനങ്ങൾ ഗവൺമെന്റിന് അടിമപ്പെടുന്ന കാഴ്ചയാണ് നിലവിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു. ഗാന്ധിജി പടി കയറിവന്ന സ്ഥാപനത്തിൽ നിന്നാണ് താൻ വരുന്നതെന്നും, ഗാന്ധിജിയുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് മാറിനിൽക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്നും ശ്രേയാംസ്‌കുമാർ കൂട്ടിച്ചേർത്തു. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് കെ.പി. കേശവമേനോൻ, മാധവൻ നായർ എന്നിവർ മാതൃഭൂമി പത്രം ആരംഭിക്കുന്നത്.
മലബാറിലെ സ്വാതന്ത്ര്യസമരത്തിന് ശക്തി പകരുക എന്നതായിരുന്നു ലക്ഷ്യം. 'മാതൃഭൂമിയുടെ സ്ഥാപകൻ ആരാണെന്ന് ചോദിച്ചാൽ ഉത്തരം മഹാത്മാഗാന്ധിയാണ്' എന്നും അത് അഭിമാനത്തോടെ പറയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാഗതസംഘം ചെയർമാൻ മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.പി. പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. ഫെസ്റ്റ് ഡയറക്ടർ പി. ഹരീന്ദ്രനാഥ് എം.വി. ശ്രേയാംസ്‌കുമാറിന് ഉപഹാരം സമ്മാനിച്ചു. വി.ടി. മുരളി, ടി.പി. ഗോപാലൻ, ഐ. മൂസ, എം.കെ. ഭാസ്കരൻ, വി.കെ. അസീസ്, സോമൻ മുതുവന, പി.പി. രാജൻ, വിനോദ് പയ്യട, പി.കെ. രാമചന്ദ്രൻ, പി. പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Gandhi Fest concludes; 'It is important to bring Gandhiji's ideas to the youth and schools' - M.V. Shreyamskumar