വടകര: (vatakara.truevisionnews.com)വടകര പൂവാടൻ അടിപ്പാത സഞ്ചാരയോഗ്യമാക്കാനുള്ള റെയിൽവേ നടപടികൾ ആരംഭിച്ചു. മഴയിൽ വെള്ളം കെട്ടിനിന്ന് യാത്ര ദുഷ്കരമായ അടിപ്പാതയിലുള്ള വെള്ളം മോട്ടോർ ഉപയോഗിച്ച് നീക്കം ചെയ്തു. ഞായർ മുതൽ ഇവിടെ പമ്പിങ് നടക്കുകയായിരുന്നു. ഇന്നലെ ക്ലീനിങ്ങും ഉറവയുള്ള ഭാഗം അടയ്ക്കുകയും ചെയ്യുന്ന പ്രവൃത്തി നടന്നു. ഇതുസംബന്ധിച്ച് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ റെയിൽവേ ഉദ്യോഗസ്ഥരെ കണ്ടിരുന്നു.
വെള്ളം കയറിയതോടെ ജൂൺ മുതൽ അടിപ്പാത വഴിയുള്ള ഗതാഗതം മുടങ്ങിയിരുന്നു. ഈ വഴിയെത്തുന്ന വാഹനങ്ങൾ അപകടത്തിപെടുന്നത് ഒഴിവാക്കാൻ അടിപ്പാതയുടെ ഇരുഭാഗത്തും ഇരുമ്പ് ഗ്രിൽസ് വച്ച് ഗതാഗതം നിരോധിച്ചിരുന്നു. വെള്ളം കെട്ടി നിന്ന് നാട്ടുകാർ ബുദ്ധിമുട്ടിലായിരുന്നു. പൂവാടൻ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് ഇവിടെ അടിപ്പാത പ്രായോഗികമല്ലെന്ന് നാട്ടുകാർ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.




ഇത് ഗൗനിക്കാതെ അടിപ്പാത നിർമാണവുമായി റെയിൽവേ മുന്നോട്ടു പോവുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ലെവൽക്രോ സും ഡ്യൂട്ടി സംബന്ധമായ ചെലവും ഒഴിവാക്കുന്നതിന് റെയിൽവേ കണ്ടെത്തിയ വിദ്യയായിരുന്നു അടിപ്പാത പണിയൽ. മഴക്കാലം ഉൾപ്പെടെ ഏത് സമയത്തും അടിപ്പാത സുഗമമായി ഉപയോഗിക്കാൻ സൗകര്യം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Railways has started work to make Poovadan underpass passable