വടകര:(vatakara.truevisionnews.com) ദേശീയപാത 66 ൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ ഉറപ്പ് നൽകി. ഷാഫി പറമ്പിൽ എം.പി. വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
ഓണത്തിന് മുൻപ് പ്രധാന സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കാനാണ് ധാരണയായിട്ടുള്ളത്. യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഓഗസ്റ്റ് 28-നകം തിരുവങ്ങൂർ നരസിംഹ ക്ഷേത്രം മുതൽ വെങ്ങളം വരെയുള്ള ഭാഗവും, തിരുവങ്ങൂർ സ്കൂളിന് മുൻപിലെ റോഡും പൂർത്തിയാക്കും. ഓഗസ്റ്റ് 30-നകം പോയിൽക്കാവ് സർവീസ് റോഡ് ഗതാഗതയോഗ്യമാക്കും. കൊയിലാണ്ടിയിലെ ചെങ്ങോട്ടുകാവ് മുതൽ നന്തി വരെയുള്ള ഭാഗങ്ങൾ സെപ്റ്റംബർ ഒന്നിനകം അറ്റകുറ്റപ്പണി തീർക്കും.




പയ്യോളിയിലെ സർവീസ് റോഡ്, ഇരിങ്ങൽ അണ്ടർപാസ് എന്നിവിടങ്ങളിലെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണും. വടകരയിലെ സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ സെപ്റ്റംബർ രണ്ടിനകം പരമാവധി പൂർത്തിയാക്കും.പ്രധാന പാതകൾ തുറക്കുന്നതിനുള്ള സമയക്രമവും നിശ്ചയിച്ചു. ഡിസംബറോടെ തിരുവങ്ങൂർ മുതൽ മൂരാട് പാലം വരെയുള്ള ആറുവരിപ്പാതയും, അഴിയൂർ മുതൽ നാദാപുരം റോഡ് വരെയുള്ള പ്രധാന പാതയും ഗതാഗതത്തിനായി തുറന്നുനൽകാൻ ശ്രമിക്കും.
കൊയിലാണ്ടി ബൈപ്പാസിലെ സർവീസ് റോഡ് ഒക്ടോബറോടെ പൂർണ്ണമായി തുറന്നുനൽകും. വടകര എലിവേറ്റഡ് ഹൈവേയുടെ പ്രധാന നിർമ്മാണ ഘടകങ്ങൾ ജനുവരിയോടെ പൂർത്തിയാക്കും. ഇതിനായി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തൊഴിലാളികളുടെ എണ്ണം ഘട്ടം ഘട്ടമായി 600 ആയി വർദ്ധിപ്പിക്കാനും, പ്രവൃത്തി ത്വരിതഗതിയിലാക്കുന്നതിനായി ആവശ്യമെങ്കിൽ ഗതാഗതം, പൊതുജനങ്ങളെ മുൻകൂട്ടി അറിയിച്ച് വഴിതിരിച്ചു വിടാനും ധാരണയായി.
നിർമ്മാണത്തിൽ കാലതാമസം വരുത്തിയ കരാർ കമ്പനിക്ക് സമയപരിധി നിശ്ചയിച്ച് നൽകിയത് നിരന്തരമായ ഇടപെടലുകളുടെ ഫലമായാണെന്നും, കമ്പനി നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കുമെന്നും ഷാഫി പറമ്പിൽ എം പി കൂട്ടിച്ചേർത്തു. ചർച്ചയിൽ എംപിക്ക് പുറമേ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് സ്, ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ, എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ പ്രശാന്ത് . ദൂബേ, ഡെപ്യൂട്ടി കളക്ടർ . ബിജു, നിർമാണക്കമ്പനി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
Travel woes on the National Highway NHAI has assured immediate solution says Shafi Parambil MP