വടകര: (vatakara.truevisionnews.com) വടകര ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ ഉടൻ നികത്തുമെന്ന ആരോഗ്യ മന്ത്രി നൽകിയ ഉറപ്പ് വെറുതെയായതായി ആരോപണം. ആശുപത്രിയിൽ പുതിയ ഡോക്ടർമാരെ നിയമിക്കാതെ നിലവിലുള്ള ഡോക്ടർമാരെ തന്നെ മാറ്റുന്ന സ്ഥിതിയാണ് ഉണ്ടായത് . രണ്ടാഴ്ച മുമ്പ് ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യമന്ത്രിയോട് ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണമെന്ന് വടകര എംഎൽഎ ആവശ്യപ്പെടുകയും പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഈ ഉറപ്പുകൾ ലംഘിച്ചുകൊണ്ട് നിലവിൽ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്തുവരുന്ന കേഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരായ രണ്ടുപേരെ സ്ഥലം മാറ്റുകയാണ് ചെയ്തിരിക്കുന്നത്. പകരം ഒരാളെപ്പോലും നിയമിച്ചതുമില്ല.




കേഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരായി അഞ്ചു പോസ്റ്റാണ് വടകരയിലുള്ളത്. ഇതിൽ രണ്ടുപേർ പ്രസവ അവധിയിലാണ്. ബാക്കിയുള്ളവരിൽ രണ്ടുപേരെയാണ് മാറ്റിയിരിക്കുന്നത്. പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന ഈ അവസരത്തിൽ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരെ ദുരിതത്തിലാക്കുന്ന നടപടിയാണ് ആരോഗ്യ വകുപ്പിന്റേതെന്ന് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തി ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമൻ മുന്നറിയിപ്പു നൽകി.
Health Minister's assurance that the vacancies of doctors at the Vadakara District Hospital would be filled soon has gone unfulfilled