വടകര : (vatakara.truevisionnews.com) "ബഷീർക്ക വിളിച്ചപ്പോൾ പിന്നെ അവിടെ നിൽക്കാൻ മനസ്സ് വന്നില്ല നേരെ ഇങ്ങോട്ട് " പ്രവാസ ലോകത്തെ മൊട്ടിട്ട സൗഹൃദവും ഊട്ടി ഉറപ്പിച്ച ഹൃദയ ബന്ധത്തിൻ്റെയും സ്വരമായിരുന്നു എടച്ചേരിക്കാരൻ സുജിത് ചന്ദ്രൻ്റെ വാക്കുകളിൽ. അതെ അതു തന്നെയാണ് തലമുറകളുടെ സംഗമമായി മാറിയ വടകര എൻആർഐ ഫോറത്തിൻ്റെ കുടുംബ സംഗമത്തിൽ ഉടനീളം ദൃശ്യമായത്. കുഞ്ഞുകുട്ടികൾ മുതൽ പ്രവാസ ജീവിതം പടുത്തുയത്തിയ കാരണവൻമാർവരെ. വടകര കൈനാട്ടി രമ്യ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഒരു പകൽ നീണ്ട ഹൃദയ സംഗമം പാട്ടിൻ്റെ പാലാഴി തീർത്തും വേറിട്ട അനുഭവമായി.
വർഷങ്ങളായുള്ള സ്നേഹ ബന്ധത്തിൻ്റെ പുതുക്കൽ കൂടിയായി ചില പ്രവാസി കുടുംബങ്ങൾക്ക്, വീട്ടമ്മമാർക്ക് പറയാൻ നിറയെ വിശേഷങ്ങൾ, യുവാക്കൾക്ക് തങ്ങളുടെ ബിസിനസ് കാര്യങ്ങളും.
നാട്ടിൽ നൂറുകണക്കിന് കുടുംബങ്ങളിൽ ആഹ്‌ളാദ സ്വപ്നങ്ങൾ പൂവിട്ട സമൂഹ വിവാഹം ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സന്നദ്ധ സേവന സംരഭങ്ങൾക്കും നേതൃത്വം നൽകിയ വടകര എൻആർഐ ഫോറം അബുദാബി സംഘടിപ്പിച്ച കുടംബ സംഗമം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡൻ്റ് ബഷീർ കപ്ലി കണ്ടി അധ്യക്ഷനായി.
കവിയും ഗായകനുമായ വിടി മുരളി ചരിത്രകാരൻ പി ഹരീന്ദ്രൻ, രവീന്ദ്രൻ മാസ്റ്റർ , ബാബു വടകര, കുഞ്ഞമ്മദ്, സുജിത്ത് ചന്ദ്രൻ,വികാസ് , ലെമിനയാസർ, അഷിക, തുടങ്ങിയവർ സംസാരിച്ചു. ഫോറം സെക്രട്ടറി ശ്രീജിത്ത് പുനത്തിൽ സ്വാഗതവും രജിത് വട്ടോളി നന്ദിയും പറഞ്ഞു.
Vadakara NRI Forum family reunion a unique experience