വടകര:(vatakara.truevisionnews.com) തപാല്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ ഏര്‍പ്പെടുത്തിയ പുതിയ സോഫ്റ്റ്‌വെയര്‍ മൂലം സംവിധാനം സ്തംഭിച്ചതില്‍ പ്രതിഷേധിച്ച് നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ വടകരപോസ്റ്റല്‍ ഡിവിഷണല്‍ ഓഫീസിന് മുന്നില്‍ കണ്ണുകെട്ടി മാര്‍ച്ചും ധര്‍ണയും നടത്തി.
ജൂലൈ 22 മുതല്‍ കേരളത്തിലും, ഈ മാസം നാലു മുതല്‍ രാജ്യത്താകമാനവും നടപ്പാക്കിയ പുതിയ ടെക്‌നോളജി സോഫ്റ്റ്‌വെയറാണ് രാജ്യത്തെ മുഴുവന്‍ തപാല്‍ ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചത്. ജോലികള്‍ തീര്‍ക്കുന്നതിന് ജീവനക്കാര്‍ രാത്രി 12 മണി വരെ ഓഫീസുകളില്‍ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ വേറിട്ട സമരമുറയുമായി രംഗത്തെത്തിയത്.



തപാല്‍ ഉരുപ്പടികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും മണിയോര്‍ഡര്‍ കൈകാര്യം ചെയ്യുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമെല്ലാം തടസ്സം നേരിടുകയാണ്. ഇതിന്റെ പേരില്‍ ജീവനക്കാരും ഇടപാടുകാരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് നിത്യ സംഭവമായിരിക്കുകയാണ്. പതിവായി തപാല്‍ സേവനം ഉപയോഗപ്പെടുത്തിയിരുന്നവര്‍ ഇതോടെ സ്വകാര്യ കൊറിയര്‍ സര്‍വീസുകളെ ആശ്രയിക്കുകയാണ്. സോഫ്റ്റ്‌വെയര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധ ധര്‍ണയില്‍ അശ്വന്ത് ചന്ദ്രന്‍, രാഹുല്‍ കെ ടി, പ്രജുല്‍ രാജ് ആര്‍.പി, പി കെ പ്രേമന്‍, ബാബു പുത്തന്‍ പുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Software change: Postal system stalled; employees protested blindfolded