വടകര: ( vatakara.truevisionnews.com) ഗാന്ധിജിയെ കൊന്നവർക്ക് അദ്ദേഹത്തെ ഭയമായിരുന്നെന്ന് സമാജ് വാദി ജൻപരിഷത്ത് ദേശീയ സംഘടനാ സെക്രട്ടറിയും മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ പൗത്രനുമായ അഫ്ലാത്തൂൺ പറഞ്ഞു. രാജ്യത്ത് ആദ്യമായി വടകരയിൽ സംഘടിപ്പിക്കുന്ന ഗാന്ധിഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയെ ഭയപ്പെട്ടവർ അദ്ദേഹത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തി. സ്ത്രീകളുടെയും ദളിതരുടെയും ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങളും മതേതര നിലപാടുമാണ് അവരെ ഭയപ്പെടുത്തിയത്. ഗാന്ധിജി ആയിരക്കണക്കിന് സ്ത്രീകളെ അടുക്കളയുടെ ഇരുട്ടിൽനിന്നും പുറത്തേക്ക് കൊണ്ടുവന്നു. അവർ രാജ്യത്തിന് വേണ്ടി ജയിലുകളിലേക്ക് പോയി.
തന്റെ അമ്മ അറസ്റ്റിലാകുന്ന സമയത്ത് അവർക്ക് 14 വയസായിരുന്നു പ്രായമെന്നും അഫ്ലാത്തൂൺ ഓർമിച്ചു. യഥാർഥ ശക്തി സാധാരണജനങ്ങളിലാണ്. സത്യാഗ്രഹം നടത്താൻ സാധാരണക്കാർക്കുള്ള അധികാരമാണ് വലിയ ശക്തിയെന്നും ഗാന്ധിജി വിശ്വസിച്ചു. മതത്തിന്റെ പേരിലുള്ള ഭ്രാന്ത് ശക്തി പ്രാപിക്കുമ്പോഴെല്ലാം മുഴുവൻ സമൂഹവും പിന്നോട്ടുപോകും.
അതേസമയം ഉദാരമായ സമീപനം പുലർത്തുന്ന വിഭാഗം ശക്തി പ്രാപിക്കുമ്പോൾ സമൂഹം ഏറെ മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.എൻ.ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഫെസ്റ്റ് ഡയറക്ടർ പി.ഹരീന്ദ്രനാഥ് ആമുഖഭാഷണം നടത്തി. ഗാന്ധിഫെസ്റ്റ് സുവനീർ കവി കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു.
എസ്. ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. എംഎൽഎമാരായ ഇ.കെ.വിജയൻ, കെ.കെ.രമ, കെ.പി.കുഞ്ഞമ്മദ് കുട്ടി, ജനറൽ കൺവീനർ വിനോദ് പയ്യട, കവി കെ.വീരാൻകുട്ടി, കോഓർഡിനേറ്റർ പി.കെ.രാമചന്ദ്രൻ, പി.പി.രാജൻ, പി.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ഗായകൻ വി.ടി.മുരളി ഗാന്ധിസ്മൃതി ഗീതം ആലപിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത രമേഷ് രഞ്ജനത്തെ ചടങ്ങിൽ അഫ്‌ലാത്തൂൺ ആദരിച്ചു. വിവിധ മത്സരവിജയികൾക്ക് സമ്മാനം നൽകി.
മൂന്നുദിവസം നീളുന്ന ഫെസ്റ്റിന്റെ രണ്ടാംദിനമായ ശനിയാഴ്ച ആറ് സെഷനുകളിലായി പ്രഭാഷണങ്ങളും സംവാദവും നടക്കും. രാവിലെ ഒമ്പതിന് കാർട്ടൂൺ പ്രദർശനം ഉദ്ഘാടനം. 12 മണിക്ക് അൻവർ അലിയുടെ ഗാന്ധിത്തൊടൽമാല, 3,30ന് ശബ്നം ഹാശ്മിയുടെ പ്രഭാഷണം. ഫെസ്റ്റിന്റെ പ്രധാന ആകർഷണമായ രാമചന്ദ്രഗുഹയും എസ്. ഗോപാലകൃഷ്ണനും തമ്മിലുള്ള അഭിമുഖം 4.30നാണ്. വൈകിട്ട് ആറിന് ഗാനാഞ്ലിയുംഉണ്ടാകും.
Gandhi Fest gets off to an exciting start Those who killed Gandhiji were afraid of him Aflatoon