വടകര: (vatakara.truevisionnews.com) ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വത്തിന്റെ സന്ദേശം നൽകിക്കൊണ്ട് വടകരയിലെ എംയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ (വിഎച്ച്എസ്ഇ) നാഷണല്‍ സര്‍വീസ് സ്‌കീം (എൻഎസ്എസ്) യൂണിറ്റ് മാതൃകയായി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘സ്വച്ഛതാ ഹി സേവാ’ (ശുചിത്വമാണ് സേവനം) എന്ന സന്ദേശം നെഞ്ചിലേറ്റിക്കൊണ്ട് എൻഎസ്എസ് വളണ്ടിയർമാർ വടകര റെയില്‍വേ സ്റ്റേഷനും പരിസരവുമാണ് ശുചീകരിച്ചത്. എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഈ ശുചീകരണ യജ്ഞം പൊതുജന ശ്രദ്ധ ആകർഷിച്ചു.




സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റും റെയില്‍വേയും സംയുക്തമായാണ് ശുചീകരണ യജ്ഞം നടത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ശുചിത്വത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു സ്റ്റേഷന്‍ മാസ്റ്റര്‍ മനീഷ് നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തും പ്ലാസ്റ്റിക് വിമുക്തമാക്കിയും വളണ്ടിയര്‍മാര്‍ മണിക്കൂറുകളോളം സേവനത്തില്‍ മുഴുകി. പൊതു ഇടങ്ങള്‍ സ്വന്തം വീടുപോലെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ശക്തമായ സന്ദേശമാണ് ഇവര്‍ സമൂഹത്തിന് നല്‍കുന്നത്.
ചടങ്ങില്‍ വടകര റെയില്‍വേ സ്റ്റേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിപിന്‍, ഹെല്‍ത്ത് സൂപ്പര്‍ ശ്യാം, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രണ്ടാം വര്‍ഷ എന്‍എസ്എസ് ലീഡര്‍മാരായ തന്‍വീര്‍, റിസ്വാന, ശാമില്‍ എന്നിവരും റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരും പങ്കെടുത്തു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് ഷംസീര്‍ സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ മുഹമ്മദ് ഷഹറാസ് നന്ദിയും രേഖപ്പെടുത്തി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
MUM NSS sets an example by cleaning Vadakara Railway Station on Gandhi Jayanti