വടകര: (vatakara.truevisionnews.com) താലൂക്ക് സപ്ലൈ ഓഫീസിൽ പരിശോധനയ്ക്കെത്തിയ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്ന ജില്ലാ സപ്ലൈ ഓഫിസറോട് വിശദീകരണം തേടും. സംസ്‌ഥാന കമ്മിഷണർ ടി.കെ രാമകൃഷ്‌ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലായിരുന്നു മോശം പെരുമാറ്റമുണ്ടായതായി പറയുന്നത്.
വിവരാവകാശ നിയമം എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന് ഓഫീസുകളിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയാൻ ആയിരുന്നു കമ്മിഷണറുടെ താലൂക്ക് ഓഫീസ് പരിശോധന. സപ്ലൈ ഓഫിസിൽ എത്തിയപ്പോൾ, അവിടെ ഉണ്ടായിരുന്ന ജില്ല സപ്ലൈ ഓഫിസർ ഫോണിൽ മറ്റാരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിവരം അറിയിച്ചിട്ടും ഗൗനിക്കാതെ സംസാരം തുടർന്നപ്പോൾ കമ്മിഷണർ മടങ്ങുകയായിരുന്നുയെന്നാണ് വിവരം.
വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങളും രേഖകളും പട്ടിക തിരിച്ചും സൂചിക തയാറാക്കിയും ലഭ്യമാക്കാനുള്ള സംവിധാനം താലൂക്ക് ഓഫീസിൽ ഏർപ്പെടുത്തിയിട്ടില്ലെന്ന് ടി.കെ രാമകൃഷ്‌ണൻ നടത്തിയ പരിശോധനയിൽ കണ്ടെത്തി. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം വിവരാവകാശ നിയമം വകുപ്പ് 4 (1). 4 (2) എന്നിവ നടപ്പാക്കിയിട്ടുണ്ടോ എന്ന് വിലയിരുത്താനാണ് പരിശോധന നടന്നത്.
വിവരാവകാശ ഓഫിസർമാരുടെ പേരുകൾ ഉൾക്കൊള്ളുന്ന ബോർഡുകൾ സ്‌ഥാപിച്ച താലൂക്ക് ഓഫിസിൽ പൗരാവകാശ രേഖ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും കണ്ടെത്തി. വിവരങ്ങൾ എളുപ്പത്തിലും വേഗത്തിലും ജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ക്രോഡീകരിച്ച് ക്രമീകരിച്ച് സൂക്ഷിക്കേണ്ടതാണെന്നും ഒരു മാസത്തിനുള്ളിൽ ന്യൂനതകൾ പരിഹരിച്ച് കമ്മിഷനിൽ റിപ്പോർട്ട് നൽകണമെന്നും വിവരാവകാശ കമ്മീഷ്ണർ നിർദേശം നൽകി.
താലൂക്ക് സപ്ലൈ ഓഫിസിലും വടകര ആർ ടി ഒ ഓഫിസിലും നടത്തിയ പരിശോധനയിൽ വിവരാവകാശ അധികാരികളുടെ വ്യക്‌തമായ പേരുകൾ രേഖപ്പെടുത്തിയ ബോർഡുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചു. അപ്പീൽ അധികാരികളായ തഹസിൽദാർ പി രഞ്ജിത്ത്, ഭൂരേഖ തഹസിൽദാർ വർഗീസ് കുര്യൻ എന്നിവരും മറ്റ് ഒൻപത് വിവരാവകാശ ഓഫീസർമാരും പങ്കെടുത്തു.
explanation will be sought from the District Supply Officer who was accused of misbehaving with the Right to Information Commissioner in Vadakara