വടകര: ( vatakara.truevisionnews.com ) റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. സിദ്ധസമാജം സ്വദേശി കിണറുള്ള കണ്ടി അരുണിനാണ് പരിക്കേറ്റത്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ വടകര പോലീസ് കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മേപ്പയിൽ കൈറ്റ്‌സ് ബേക്കറിക്ക് സമീപമായിരുന്നു അപകടം. അരുൺ തന്റെ മോട്ടോർ സൈക്കിളിൽ വടകരയിൽ നിന്നും മേപ്പയിൽ ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ സമയം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവർ പുറകിൽ നിന്നും വാഹനം വരുന്നത് ശ്രദ്ധിക്കാതെ പെട്ടെന്ന് ഡോർ തുറക്കുകയായിരുന്നു.
നിയന്ത്രിക്കാൻ കഴിയാതെ അരുണിന്റെ ബൈക്ക് കാറിന്റെ ഡോറിൽ തട്ടുകയും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. അപകടത്തിൽ അരുണിന്റെ ഇടതുകാലിന്റെ നടുവിരലിന്റെ എല്ല് പൊട്ടുന്നതടക്കം ഗുരുതരമായ പരിക്കേറ്റു.
മനുഷ്യജീവന് അപകടം സംഭവിക്കത്തക്ക രീതിയിൽ അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിനാണ് കാർ ഡ്രൈവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Car door opened carelessly; Biker seriously injured, case filed against driver










































