മണിയൂർ: (vatakara.truevisionnews.com) മണിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിലെ വളൻ്റിയർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്നു വർഷമായി കാരുണ്യം ഹോം കെയർ ടീമുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ വർഷവും പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്ലാസിൻ്റെ ഭാഗമായി ഇത്തവണത്തെ പ്ലസ് വൺ വിദ്യാർഥികൾക്കാണ് ശിൽപശാല നടത്തിയത്. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്‌റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ എൻ.എസ്.എസ്. യൂണിറ്റിൻ്റെ വകയായി ഒരു വീൽച്ചെയർ പ്രസിഡന്റ് ടി.കെ. അഷ്‌റഫ് കാരുണ്യത്തിന് കൈമാറി. സ്കൂളിലേക്ക് സംഭാവനപ്പെട്ടി കാരുണ്യം സെക്രട്ടറി അബ്ദുൽ റഷീദ് എം.പി. പ്രോഗ്രാം ഓഫീസർ മിനി ടീച്ചർക്ക് നൽകി. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവിൻ്റെ സംസ്ഥാന ഭാരവാഹിയും പരിശീലകനുമായ എം.ജി. പ്രവീൺ 'പാലിയേറ്റീവ് പരിചരണത്തിൽ വിദ്യാർഥികളുടെ പങ്ക്' എന്ന വിഷയത്തിൽ ക്ലാസെടുത്തു.
കിടപ്പുരോഗികളുടെ ദുരിതജീവിതത്തിൽ ആശ്വാസം പകരുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായി പാലിയേറ്റീവ് വളൻ്റിയർമാർ മാറുന്നത് മനോഹരമായ കാഴ്ചയാണെന്ന് പ്രവീൺ പറഞ്ഞു. ചുറ്റുമുള്ള ജീവിതങ്ങളെ കണ്ടറിഞ്ഞ് നിലപാടുകളെടുക്കുന്നവരായി വിദ്യാർഥികൾ മാറണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. അഷ്‌റഫ് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
ശിൽപശാല വിദ്യാർത്ഥികളിൽ വലിയ സ്വാധീനം ചെലുത്തി. വരുംനാളുകളിൽ ഹോം കെയർ സേവനങ്ങളിൽ തങ്ങളും പങ്കാളികളാകുമെന്ന് വിദ്യാർഥികൾ ഉറപ്പ് നൽകി. പി.ടി.എ. പ്രസിഡന്റ് സുനിൽ മുതുവനയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടി.സി. സജീവൻ, വി.പി. സുരേഷ്, എം.പി. അബ്ദുൾ റഷീദ്, പ്രോഗ്രാം ഓഫീസർ മിനിമോൾ എന്നിവർ സംസാരിച്ചു.
Palliative care workshop organized at Maniyoor School for the sake of compassion