വടകര: (vatakara.truevisionnews.com) ഭരണകൂട സ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള മോദി ഗവൺമെന്റിന്റെ നീക്കം തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതായി ആർഎംപിഐ സംസ്ഥാന പ്രസിഡന്റ് ടി.എൽ.സന്തോഷ് പറഞ്ഞു. വടകര ടൗൺഹാളിൽ ആർഎംപിഐ കോഴിക്കോട് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ഷൻ കമ്മീഷനെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നത് സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞദിവസം രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത് ഏറെ ഗൗരവമുള്ളതാണ്. ഇലക്ഷൻ കമ്മീഷൻ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ സംഘപരിവാറിന്റെ അടിമവേലപ്പുരകളായി മാറിയിരിക്കുന്നുവെന്ന ഭീതിദവും ദുഃഖകരവുമായ സത്യം ശക്തമായ വെളിപ്പെട്ട സന്ദർഭമാണിത്.



ഭരണകക്ഷിയുടെ പാർലമെന്റിലെ അംഗബലത്തേക്കാളും ബലമുള്ളതാണ് ഈ രാജ്യത്തിന്റെ ഭരണഘടനയെന്ന് ഇലക്ഷൻ കമ്മീഷൻ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസങ്ങളിലായി വടകര ടൗൺഹാളിൽ നടക്കുന്ന ജില്ലാ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ എൻ.പി.ഭാസ്കരൻ അധ്യക്ഷനായി. ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ വേണു, കേന്ദ്ര കമ്മിറ്റി അംഗം കെ എസ് ഹരിഹരൻ, കെ.കെ രമ എം.എൽ.എ, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ പി പ്രകാശൻ, ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു. വിവിധ വിഷയങ്ങളിലായി ഡോ. ആസാദ്, എൻ പി ചെക്കുട്ടി, എൻ വി ബാലകൃഷ്ണൻ എന്നിവർ ക്ളാസുകൾ എടുക്കും. എ. പി ഷാജിത്ത് സ്വാഗതം പറഞ്ഞു.
TL Santosh says people are losing confidence in the election process