മണിയൂർ: (vatakara.truevisionnews.com) കായികപ്രേമികൾക്കായി മികച്ച കളിക്കളം മണിയൂരിൽ ഒരുങ്ങുന്നു. ഉപജില്ലാ കായികമേളകൾ, കേരളോത്സവം എന്നിവയ്ക്കായി മികച്ച സൗകര്യമൊരുക്കാനായി മണിയൂർ ഹൈസ്കൂൾ മൈതാനത്തിന്റെ നവീകരണ പ്രവൃത്തി തുടങ്ങി. ജില്ലാ പഞ്ചായത്ത് കഴിഞ്ഞവർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രൗണ്ടിൽ ഗാലറിയും ഫുട്ബോൾ ഗ്രൗണ്ടും ഒരുക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി റീന പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് അധ്യക്ഷനായി. രാജീവൻ വളപ്പിൽകുനി, പ്രമോദ് മൂഴിക്കൽ, ടി പി ശോഭന, സുനിൽ മുതുവന, ടി കെ രാജീവ് കുമാർ, എം ഷിംജിത് എന്നിവർ സംസാരിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
Maniyoor High School Ground Renovation Work Begins