വടകര:(vatakara.truevisionnews.com) ജല്‍ജീവന്‍ മിഷനുവേണ്ടി പൊളിച്ച റോഡുകള്‍ പുനഃസ്ഥാപിക്കാത്തതുമൂലം ജനങ്ങള്‍ നേരിടുന്ന യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണാന്‍ കെ.കെ. രമ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ യോഗം ചേർന്നു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കരാറുകാര്‍ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ഉണ്ടായത്.
ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളിലാണ് നിലവില്‍ യാത്രാദുരിതം രൂക്ഷമായിരിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥ കാരണം യാത്രക്കാരും നാട്ടുകാരും ഏറെ ദുരിതത്തിലാണെന്ന് എം.എൽ.എ. ചൂണ്ടിക്കാട്ടി. എന്നാൽ, പണി വൈകുന്നതിനുള്ള പ്രധാന കാരണം കരാറുകാർക്ക് സർക്കാർ പണം നൽകാത്തതാണെന്ന് കരാറുകാർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം അൻപതോളം കരാറുകാർക്കായി ഏകദേശം 900 കോടി രൂപയുടെ കുടിശ്ശികയുണ്ടെന്നും അവർ വ്യക്തമാക്കി.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ എം.എൽ.എ. നേരിട്ട് മന്ത്രിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. നബാർഡിൽ നിന്ന് 5000 കോടി രൂപ വായ്പ എടുക്കുന്ന നടപടികൾ പൂർത്തിയായി വരുന്നതായും, ഈ തുകയുടെ ഒരു വിഹിതം ഒക്ടോബര്‍ 15-ഓടെ കരാറുകാർക്ക് നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. ഇതേത്തുടർന്ന്, അടിയന്തരമായി തീർക്കേണ്ട റോഡുകളുടെ ലിസ്റ്റ് തയ്യാറാക്കി ഒരാഴ്ചക്കുള്ളിൽ പണി തുടങ്ങാൻ കരാറുകാർ യോഗത്തിൽ ഉറപ്പുനൽകി.
ബാക്കി പണികൾ ഒക്ടോബർ 16-ന് ശേഷം പുനരാരംഭിക്കുമെന്നും അറിയിച്ചു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ കാലാവധി 2025-ൽ നിന്ന് 2028 വരെ സർക്കാർ നീട്ടിയിട്ടുണ്ട്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ശ്രീജിത്ത്, പി.പി. ചന്ദ്രശേഖരൻ, ആയിഷ ഉമ്മർ, ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് എന്നിവരും പങ്കെടുത്തു.
Meeting held to resolve the deplorable condition of roads demolished for Jaljeevan Mission








































