വടകര: (vatakara.truevisionnews.com) വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ ഡി.വൈ.എഫ്. ഐ. പ്രവത്തകർ തടഞ്ഞ സംഭവം ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്ന് മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഷാഫി പറമ്പിലിനെ അസഭ്യ വർഷം ചൊരിയുകയും ചെയ്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുന്ന സംഭവമാണ്.
എം.പിയ്ക്കെതിരെയുള്ള അക്രമം മുഖ്യമന്ത്രി തള്ളി പറയണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഒരു പാർല്ലമെൻ്റ് അംഗത്തിന് പോലും സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് കേരളത്തിലെ നിയമസമാധാനവാഴ്ച പാടെ തകിടം മറിഞ്ഞു എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.




പ്രബുദ്ധ രാഷ്ട്രീയ ചരിത്രമുള്ള വടകരയെ അക്രമ രാഷ്ട്രീയത്തിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഏതു ശ്രമവും അപലപിക്കപ്പെടണം. ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇത്തരം സംഭവങ്ങളെ പരസ്യമായി തള്ളി പറയാൻ തയ്യാറാകണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ജനാധിപത്യ ബോധമുള്ള മുഴുവൻ പേരും ഈ സംഭവത്തെ അപലപിക്കാൻ മുന്നോട്ട് വരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Mullappally Ramachandran says violence against Shafi Parambil MP can never be tolerated