വടകര: ( vatakaranews.in ) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിലെ വെള്ളക്കെട്ട് കാരണം നേരിടുന്ന പ്രയാസം ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി ആയഞ്ചേരിയിലെ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ യുടെ ഓഫീസിൽ സർവ്വ കക്ഷി യോഗം ചേർന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച നടപ്പാതയുടെ ഉയരം കൂടിയതാണ് വെള്ളക്കെട്ട് ഉണ്ടാവാൻ കാരണമെന്ന് യോഗം വിലയിരുത്തി. നടപ്പാതയുടെ നിർമ്മാണ സമയത്ത് വേണ്ട രീതിയിലുള്ള സാങ്കേതിക സൂപ്പർ വിഷൻ ഉണ്ടായിരുന്നില്ല എന്നും യോഗത്തിൽ അഭിപ്രായമുയർന്നു. നിലവിൽ ക്വാറി വേസ്റ്റ് ഉപയോഗിച്ച് വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായിട്ടുണ്ട്.



യോഗത്തിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ എടുക്കുകയുണ്ടായി.
1.വെള്ളക്കെട്ടിന് കാരണമായ നടപ്പാതയിൽ ,സ്ലാബോടുകൂടി ഡ്രെയിനേജ് നിർമ്മാണം നടത്തിയോ,ആവശ്യമായ രീതിയിലുള്ള പൈപ്പ് ഉപയോഗിച്ചോ, പ്രദേശവാസികളുടെ ഗതാഗത പ്രശ്നവും ,വെള്ളക്കെട്ടും പരിഹരിക്കണം. വെള്ളക്കെട്ട് പരിഹരിക്കേണ്ട അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് തലത്തിൽ ഇതിന് തീരുമാനമെടുക്കണം. ഇതിനായി എംപി ഫണ്ട് അനുവദിച്ചതായി യോഗത്തിൽ പരാമർശം ഉയർന്ന സാഹചര്യത്തിൽ ആയത് ഉപയോഗിച്ച് നടപ്പിലാക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണം.
2.വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് പുനരുദ്ധരിക്കുന്നതിനായി, 17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ്ചീഫ് എൻജിനീയർക്ക് ,അയച്ചതായി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തിൽ അറിയിച്ച സാഹചര്യത്തിൽ, ഈ പ്രവർത്തിക്ക് അംഗീകാരം ലഭിക്കാനുള്ള ശ്രമങ്ങൾ നടത്തും.
3.നടപ്പാതയുടെ ഉയരക്കൂടുതലാണ് വെള്ളക്കെട്ടിന്കാരണമെന്നതിനാൽ , ഇത്തരം പ്രവർത്തികൾ നടപ്പിലാക്കുമ്പോൾ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക വിഭാഗം വേണ്ട രീതിയിൽ ജാഗ്രത പുലർത്തണമെന്നും,തുടർന്നുള്ള പ്രവർത്തികളിൽ ആവശ്യമായ സൂപ്പർവിഷൻ ഉണ്ടാകണമെന്നും യോഗം തീരുമാനിച്ചു.
യോഗത്തിൽ കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ,ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.അബ്ദുൽ ഹമീദ്,പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിധിൻ ലക്ഷ്മണൻ,തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇസ്മയിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗംഗാധരൻ എം , ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർ യോഗത്തിൽ പങ്കെടുത്തു
Waterlogging Ayanchery All party meeting Kuttiadi MLA office