വടകര:(vatakaranews.com) നാരായണനഗർ സ്റ്റേഡിയത്തോട് ചേർന്ന റോഡ് തകർന്ന് ചെളിക്കുളമായി. മുട്ടോളം ചെളിയിൽ മുങ്ങി കാൽനടയാത്രക്കാരും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളും ദുരിതത്തിൽ. നിർമ്മാണം അവസ്ഥാന ഘട്ടത്തിൽ എത്തി നിൽക്കുന്ന നാരായണനഗർ സ്റ്റേഡിയത്തിലേക്കുള്ള വലിയ ലോറികളും ഊരാലുങ്കൽ സൊസെറ്റിയുടെ വലിയ ടോറസ് വാഹനങ്ങൾ കയറിയിറങ്ങി പോകുന്നതാണ് നാരായണനഗറിലേക്കുള്ള റോഡ് പൂർണമായും തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
സിപിഐഎം ജില്ലാ സമ്മേളന വേദിയായ നാരായണ നഗരിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ ഗതാഗത യോഗ്യമാക്കിയ റോഡാണ് ഇപ്പോൾ ഈ സ്ഥിതിയിലായത്. ഊരാളുങ്കൽ സൊസൈറ്റി കരാറെടുത്ത വിവിധ റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള ടാർ മിക്സിങ് ജോലികൾക്കായി നാരായണനഗരത്തിലെ ഒഴിഞ്ഞ ഒരു സ്ഥലമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി ഭാരം കയറ്റിയ വലിയ ടോറസ് ലോറികളും മറ്റ് വാഹനങ്ങളും ഈ റോഡിലൂടെ കടന്നുപോകാൻ തുടങ്ങിയതോടെയാണ് റോഡിന്റെ ശോചനീയാവസ്ഥ ആരംഭിച്ചതെന്നും പരിസരവാസികൾ പറഞ്ഞു.



റോഡ് പൂർണമായും തകർന്നിട്ടും യാത്രക്കാർക്ക് നടന്നുപോകാനുള്ള സൗകര്യം ഒരുക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ക്വാറി വേസ്റ്റ് എങ്കിലും ഇട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനസേവനത്തിൽ ഒട്ടേറെ മാതൃകൾ തീർത്ത ഊരാളുങ്കൽ സൊസെറ്റി അധികൃതർ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും നാട്ടുകാർ പറഞ്ഞു.
Vadakara Narayananagar Stadium Road collapsed