വടകര: (vatakara.truevisionnews.com) വടകര കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ഇൻവോൾവ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ പത്താം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം വടകര എം എൽ എ കെ കെ രമ നിർവഹിച്ചു.
പരിപാടിയോടനുബന്ധിച്ച്, വടകര നഗരസഭയിലെയും സമീപ പഞ്ചായത്തുകളായ ഒഞ്ചിയം, ചോറോട്, ഏറാമല, അഴിയൂർ, വില്യാപ്പള്ളി, മണിയൂർ പഞ്ചായത്തുകളിലെയും ഹരിത കർമ്മ സേനകൾക്ക് ഇൻവോൾവിന്റെ നേതൃത്വത്തിൽ ആദരം ഒരുക്കി.




മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ സ്തുത്യർഹ സേവനങ്ങൾ നടത്തി വരുന്ന ഹരിത കർമ്മ സേനകളെ പ്രകീർത്തിച്ച് കൊണ്ട് ഉപഹാരങ്ങളും സപ്പോർട്ടിംഗ് കിറ്റുകളും സേന പ്രതിനിധികൾക്ക് എം എൽ എ കൈമാറി.
തുടർന്ന്, ഫസ്റ്റ് എയ്ഡ് ആൻഡ് ബേസിക് ലൈഫ് സപ്പോർട്ട് എന്നീ വിഷയത്തിൽ പ്രാഥമിക അവബോധം നൽകുന്നതിനായുള്ള ക്ലാസും നടന്നു. ദശ വാർഷികാഘോഷ ലോഗോ രൂപകൽപ്പന ചെയ്ത ഷിബിൻ(ലോഗിൻ ഓർക്കാട്ടേരി) നുള്ള ഉപഹാരവും എം എൽ എ സമ്മാനിച്ചു.
വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ പി പി രാജൻ അധ്യക്ഷത വഹിച്ചു.
വടകര നഗരസഭാ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സജീവ് കുമാർ, ഹരിയാലി കോഡിനേറ്റർ മണലിൽ മോഹനൻ, ടി വി എ ജലീൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
എയ്ഞ്ചൽസ് വടകരയുമായി സഹകരിച്ചു കൊണ്ട് നടന്ന അവബോധ ക്ലാസ്, എയ്ഞ്ചൽസ് മുൻ ഡിസ്ട്രിക്ട് കോഡിനേറ്ററും പയ്യോളി ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ എൻ രാജേഷ് നയിച്ചു. ഇൻവോൾവ് പ്രസിഡന്റ് ഡോ . പി സിഷ സംസാരിച്ചു.
ഇൻവോൾവ് ജനറൽ സെക്രട്ടറി ദീപേഷ് ഡി ആർ സ്വാഗതം ആശംസിക്കുകയും ട്രഷറർ പ്രേംജിത്ത് ലാൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം ഇൻവോൾവ് നാച്വർ സെല്ലിന്റെ നേതൃത്വത്തിൽ വിത്തു പേനകൾ സമ്മാനിച്ചു.
പരിസര ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ശക്തമായ ഊന്നൽ നൽകി, വടകരയിൽ സജീവമായ പൊതുജന പങ്കാളിത്തത്തോടെ ഈ ശ്രദ്ധേയമായ പരിപാടി വിജയകരമായി സമാപിച്ചു.
#Involve #10th #anniversary #Respect #Harithakarmasena