വടകര:[vatakara.truevisionnews.com] നഗരത്തിൽ അടക്കാത്തെരു മുതൽ 820 മീറ്റർ നീളത്തിൽ ദേശീയപാത ഉയരപ്പാതയാക്കുമെന്ന് നേരത്തെ തീരുമാനമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ അടക്കാത്തെരുവിലും പുതിയ ബസ് സ്റ്റാൻഡിനു സമീപവും എംബാംഗ്മെൻ്റ് ചെയ്ത് പാത നിർമിക്കാനാണ് നീക്കം.
ഇങ്ങിനെ വന്നാൽ ഉയരപ്പാത 500 മീറ്ററായി കുറയും. ഇതിനെതിരെ കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്കും ദേശീയപാത അതോറിറ്റി റീജ്യണൽ ഓഫിസർക്കും കെ.കെ രമ എം.എൽ.എ കത്തയച്ചു.
600ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന എസ്.ജി.എം.എസ്.ബി സ്കൂളിന് മുന്നിൽ ഇത്തരത്തിൽ പാത വന്നാൽ തകർച്ചയോ തടസ്സമോ വന്നാൽ അത് വലിയ ദുരന്തത്തിന് കാരണമാകും. മാത്രമല്ല ഏറെ ദുരം ചുറ്റി തിരിഞ്ഞു വേണം സ്കൂളിലും വടകരയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും സിവിൽ സ്റ്റേഷനടക്കമുള്ള ഓഫീസുകളിലേക്കും എത്താൻ.
പുതിയ സ്റ്റാൻഡ് ഭാഗത്ത് എംബാംഗ് മെൻ്റ് നടത്തിയാൽ സ്റ്റാൻഡിലേക്കും അതിന് സമീപമുള്ള പ്രധാനപ്പെട്ട കച്ചവട സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുക വിഷമമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. പൗരാണിക കച്ചവട കേന്ദ്രമായ വടകരയെ തകർക്കുന്ന അവസ്ഥയാകും ഇത്തരത്തിൽ ദേശീയ പാത നിർമ്മിച്ചാലെന്നും അറിയിച്ചു. ഇക്കാര്യം വിശദമായി സംസാരിക്കാൻ 13ന് റീജ്യണൽ ഓഫിസറെ നേരിട്ടു കാണുമെന്നും എം.എൽ.എ അറിയിച്ചു.
K.K. Rama MLA wrote a letter to the Union Minister demanding complete construction of elevated road in Vadakara








































