വടകര:(vatakara.truevisionnews.com) കഥാ സാഹിത്യ ലോകത്ത് ചുവട് വെച്ച പറക്കാൻ ഒരുങ്ങി സുശീല പ്രഭാകർ എന്ന കഥാകാരി. ഇവർ രചിച്ച 13 കഥകളടങ്ങിയ 'സ്വപ്ന ലോകം' കഥാസമാഹാരം പ്രകാശനത്തിന് തയ്യാറായി. 29ന് വില്യാപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ ഡോ.കെ.എം.ഭരതൻ പ്രകാശനം നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെയിൽ നാളങ്ങൾ, കാത്തിരുന്നുതീരുന്ന മാലയോഗം, ചിത്രശലഭം, രചനാലാപനം, മാറാലയ്ക്കുള്ളിലെ സ്വപ്ന ലോകം, നാട്ടുവഴികൾ, കഴിഞ്ഞു പോയ കാലം, അമ്മ, പാതയോരങ്ങൾ, മരണവീട്, പെയ്തൊഴിയുമ്പോൾ, ചോറ്റുപാത്രം പ്രണയനൊമ്പരങ്ങൾ എന്നിവയാണ് ഈ പുസ്തകത്തിലെ കഥകൾ. വില്യാപ്പള്ളി സ്വദേശിയായ സുശീല പ്രഭാകർ ഹൈസ്കൂൾ വിദ്യാഭ്യാസ കാലം മുതൽ എഴുതിയ കഥകൾ കുട്ടികളുടെ മാസികകളിൽ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.
നോവലുകളും എഴുതിയിട്ടുണ്ടെങ്കിലും കഥകളുടെ സമാഹാരം ആദ്യമായിട്ടാണ് പ്രസിദ്ധീകരിക്കുന്നത്. ഇതോടൊപ്പം ചിത്രരചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ കലാകാരന്മാർ പങ്കെടുത്ത 2016 ലെ കൊച്ചി ബിനാലെയിൽ വരയുടെ വെണ്മ എന്ന ആർട്ട് വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ചിത്രകാരി കൂടിയാണ് സുശീല പ്രഭാകർ. പതിനഞ്ച് വർഷമായി ഗ്രേയ്ക്ക് എന്ന പേരിൽ വില്യാപ്പള്ളിയിൽ ബ്യൂട്ടിപാർലർ നടത്തുകയാണ്. ഭർത്താവ്: പ്രഭാകരൻ. മക്കൾ: ഉജ്വൽ, വർണന. ഈ പുസ്തകത്തിലെ കഥയുടെ ചിത്രീകരണവും സുശീല പ്രഭാകറിന്റേതാണ്. വാർത്താസമ്മേളനത്തിൽ സുശീല പ്രഭാകർ, ടി.കെ.പ്രഭാകരൻ, റസാക്ക് കല്ലേരി, എൻ.കൃഷ്ണൻ എന്നിവർ പങ്കെടുത്തു
Susheela Prabhakar's collection of stories to be released on the 29th









































