വടകര: (vatakara.truevisionnews.com) കാർത്തികപ്പള്ളിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. ജോലിക്ക് പോവുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കാട്ടുപന്നി ഇടിച്ചു വീഴ്തുകയായിരുന്നു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു.
ഇന്ന് രാവിലെ തൊഴിലുറപ്പ് ജോലിക്കായി ഇറങ്ങിയ തൊഴിലാളികൾക്ക് ഇടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. ചെത്തിൽ ഷാഹിദക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റൊരു കുട്ടിക്ക് നേരെ കാട്ടുപന്നി പാഞ്ഞെടുത്തെങ്കിലും കുട്ടി മൺതിട്ടയിൽ ഓടിക്കയറിയതിനാൽ രക്ഷപ്പെട്ടു.
കാട്ടുപന്നിയുടെ ശല്യം സഹിക്കാനാവാതെ വന്നതോടെ പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം വെടിവെപ്പു സംഘം എത്തിയെങ്കിലും കാട്ടുപന്നികളെ കാണാത്തതിനാൽ തിരിച്ചുപോവുകയായിരുന്നു. ഇക്കാര്യത്തിൽ അധികൃതർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Wild boar attacks job-secured workers in Karthikappally Vadakara two injured











































