---
title: "സ്ലാബുകൾ തകർന്നു, പാതയിൽ ചെളിക്കുളം; വടകര പുതിയ ബസ്‌സ്റ്റാൻഡ് നടപ്പാത യാത്രക്കാർക്ക് കെണിയാകുന്നു"
english_title: "Vadakara Bus Stand Footpath in Ruins, Traders Demand Urgent Repair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373298/vadakara-bus-stand-footpath-in-ruins-traders-demand-urgent-repair"
published_at: "2026-07-19T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c4c8984575_vadakara-bus-stand-footpath-damaged-repair-demand.jpg"
keywords: ["Latest news", "Vadakara", "Bus Stand", "Footpath", "Kerala News", "Kozhikode", "Traders Association"]
---

# സ്ലാബുകൾ തകർന്നു, പാതയിൽ ചെളിക്കുളം; വടകര പുതിയ ബസ്‌സ്റ്റാൻഡ് നടപ്പാത യാത്രക്കാർക്ക് കെണിയാകുന്നു

> **Lead Summary:** വടകര: **[**കാൽനടയാത്ര പോലും അസാധ്യമാകുംവിധം തകർന്നുതരിപ്പണമായി വടകര പുതിയ ബസ്‌സ്റ്റാൻഡിന്റെ പടിഞ്ഞാറുഭാഗത്തെ നടപ്പാത. പത്തോളം വ്യാപാരസമുച്ചയങ്ങളും നൂറുകണക്കിന് സ്ഥാപനങ്ങളുമുള്ള, എപ്പോഴും ജനത്തിരക്കേറിയ ഈ ഭാഗത്ത് ഓവുചാലിന് മുകളിലെ തകർന്ന സ്ലാബുകളും ചെളിക്കുളങ്ങളുമാണ് യാത്രക്കാർക്ക് വലിയ കെണിയൊരുക്കുന്നത്. കാൽനടയാത്രക്കാർക്ക് പുറമെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും ആശ്രയിക്കുന്ന പ്രധാന പാതയാണിത്.

## Article Content

വടകര: **[**കാൽനടയാത്ര പോലും അസാധ്യമാകുംവിധം തകർന്നുതരിപ്പണമായി വടകര പുതിയ ബസ്‌സ്റ്റാൻഡിന്റെ പടിഞ്ഞാറുഭാഗത്തെ നടപ്പാത. പത്തോളം വ്യാപാരസമുച്ചയങ്ങളും നൂറുകണക്കിന് സ്ഥാപനങ്ങളുമുള്ള, എപ്പോഴും ജനത്തിരക്കേറിയ ഈ ഭാഗത്ത് ഓവുചാലിന് മുകളിലെ തകർന്ന സ്ലാബുകളും ചെളിക്കുളങ്ങളുമാണ് യാത്രക്കാർക്ക് വലിയ കെണിയൊരുക്കുന്നത്. കാൽനടയാത്രക്കാർക്ക് പുറമെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും ആശ്രയിക്കുന്ന പ്രധാന പാതയാണിത്.

അതിർത്തിയിലെ ഓവുചാലിന് മുകളിൽ സ്ഥാപിച്ച സ്ലാബുകളാണ് പലയിടത്തും തകർന്ന് ആഴമുള്ള കുഴികളായി മാറിയിരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ കാലുകൾ കുഴിയിൽ വീണ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.

വ്യാപാരി വ്യവസായി ഏകോപനസമിതി ഉൾപ്പെടെയുള്ള സംഘടനകൾ പലതവണ ഈ വിഷയം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്ലാബിനോട് ചേർന്ന ഭാഗങ്ങൾ പൂർണ്ണമായും ചെളിക്കുളമായി മാറിയതോടെ കാൽനടയാത്ര ദുഷ്കരമായി.

എടോടി ഭാഗത്തുനിന്ന് ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്നതുമുതൽ ആലക്കൽ റെസിഡൻസി വരെ ഒരുവശത്ത് പാതയുണ്ടെങ്കിലും, ഇത് സംരക്ഷിക്കാനോ നവീകരിക്കാനോ നഗരസഭയ്ക്ക് കൃത്യമായ പദ്ധതികളില്ല.

നിലവിൽ ഈ നടപ്പാത കുറച്ചുകൂടി വികസിപ്പിച്ചാൽ ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സുഗമമായി സഞ്ചരിക്കാൻ പറ്റിയ മികച്ചൊരു സമാന്തരപാതയായി ഇതിനെ മാറ്റാൻ സാധിക്കും. തെക്കുഭാഗത്തുനിന്നുള്ള ഇരുചക്രവാഹനങ്ങൾ നിലവിൽ ബസ്‌സ്റ്റാൻഡിന് ഉള്ളിലൂടെയാണ് വരുന്നത്.

ഇതിന് പോലീസ് പിഴയീടാക്കുന്നതും പതിവാണ്. പാത വികസിപ്പിച്ചാൽ ഈ പ്രതിസന്ധിക്കും പരിഹാരമാകും. അതേസമയം, ഇവിടുത്തെ ഓവുചാൽ നവീകരിക്കുന്നതിനായി നഗരസഭ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഓവുചാലിലെ തടസ്സങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കാനും മുകളിലെ സ്ലാബുകൾ മാറ്റാനുമാണ് നഗരസഭയുടെ പദ്ധതി.

ഇതിനൊപ്പം നടപ്പാത വികസനവും കൂടി ഉൾപ്പെടുത്തിയാൽ നഗരത്തിന് ഏറെ ഉപകാരപ്രദമാകുമെന്നും, നഗരസഭ ഈ ആവശ്യത്തിന് മുൻഗണന നൽകണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി നാരായണനഗരം യൂണിറ്റ് പ്രസിഡന്റ് പി.എ. കാദർ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373298/vadakara-bus-stand-footpath-in-ruins-traders-demand-urgent-repair)