#Latest news #Food Safety Department #Villiyapally #Thiruvallur #Inspection
വടകര :(vatakara.truevisionnews.com) വടകര ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വിഭാഗം കുറ്റ്യാടി സർക്കിളിൽ വില്ല്യാപ്പള്ളി, തിരുവള്ളൂർ പ്രദേശത്ത് വ്യാപകമായ ഭക്ഷ്യസുരക്ഷാ പരിശോധനകൾ സംഘടിപ്പിച്ചു. മൺസൂൺ കാലയളവിൽ ഭക്ഷ്യജന്യ രോഗങ്ങൾ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മത്സ്യവിൽപ്പന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടുക്കളകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്.
പരിശോധനകളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഭക്ഷ്യവസ്തുക്കളുടെ സംഭരണരീതി, ജലത്തിന്റെ ഗുണനിലവാരം, മാലിന്യ സംസ്കരണം, കീടനിയന്ത്രണ സംവിധാനങ്ങൾ എന്നിവ വിശദമായി വിലയിരുത്തി.
പരിശോധനകളുടെ ഭാഗമായി 19 മത്സ്യത്തിന്റെയും 03 ഐസിന്റെയും സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി ഉപയോഗിച്ച് പരിശോധന നടത്തി. സ്കൂളുകളിലെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായി വില്യപ്പള്ളി യു പി സ്കൂൾ, ബറൈറ്റ് എച്ച് എസ് വള്ളിയാട്, വള്ളിയാട് യു പി സ്കൂൾ, വള്ളിയാട് എൽ പി സ്കൂൾ എന്നിവിടങ്ങളിൽ പരിശോധനകൾ നടത്തുകയും സർവൈലൻസ് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. കണ്ടെത്തിയ ന്യൂനതകൾക്ക് റെക്ടിഫിക്കേഷൻ, കോംപൗണ്ടിംഗ്, ക്ലോഷർ നോട്ടീസ് ഉൾപ്പെടെയുള്ള നിയമാനുസൃത നടപടികൾ സ്വീകരിച്ചു.
ഗുരുതരമായ ശുചിത്വ വീഴ്ചകൾ കണ്ടെത്തിയ ചാത്തോത്ത് ഹോട്ടലിൽ ക്ലോഷർ നോട്ടീസ് നൽകുകയും ചെയ്തു. കൂടാതെ, ശിഗെല്ലോസിസ് രോഗപ്രതിരോധത്തിന്റെ ഭാഗമായി വള്ള്യാട് യു.പി. സ്കൂളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് സുരക്ഷിത ഭക്ഷണശീലങ്ങൾ, വ്യക്തിശുചിത്വം, കൈകഴുകലിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവബോധം നൽകി. കുറ്റ്യാടി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ ഫെബിന മുഹമ്മദ് അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.
Content Highlight: Extensive inspection by the Food Safety Department in Villiyapally and Thiruvallur areas
#Latest news #Food Safety Department #Villiyapally #Thiruvallur #Inspection












































